ബംഗുളൂരു: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഹോട്ടലിന്റെ മതിൽ ഇടിച്ചു തകർത്തു. ബംഗുളൂരുവിലെ ഇന്ദിരാനഗറിലാണ് സംഭവം.
സംഭവത്തിൽ ഡെറിക് ടോണി(42) എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു. ഇയാൾ മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇന്ദിരാനഗറിൽ വച്ച് ഡെറിക്കിന് കാർ ഇടത്തേക്ക് തിരിക്കാൻ കഴിയാതെ ഡിവൈഡറിലിടിക്കുകയും തുടർന്ന് ഒരു ഇരുചക്ര വാഹനത്തിലിടിക്കുകയും ചെയ്തു. ശേഷം സമീപത്തുള്ള ഹോട്ടലിന്റെ മതിലിൽ ഇടിക്കുകയായിരുന്നു.
ഈ സമയം ഹോട്ടലിന് മുന്നിൽ നിന്ന ഒരുകൂട്ടം ആളുകൾ ഞൊടിയിടയിൽ മാറിയതിനാൽ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു.
അപകടത്തിൽ പരിക്കേറ്റ ഇരുചക്ര വാഹനത്തിലെ യാത്രക്കാരൻ ജാബിർ അഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.